1ശബ്ബത്ത് കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു. 2പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി; കൎത്താവിന്റെ ദൂതൻ സ്വൎഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നു, കല്ലു ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്നു. 3അവന്റെ രൂപം മിന്നലിന്നു ഒത്തതും അവന്റെ ഉടുപ്പു ഹിമംപോലെ വെളുത്തതും ആയിരുന്നു. 4കാവൽക്കാർ അവനെ കണ്ടു പേടിച്ചു വിറെച്ചു മരിച്ചവരെപ്പോലെ ആയി. 5ദൂതൻ സ്ത്രീകളോടു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു; 6അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിൎത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ 7അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിൎത്തെഴുന്നേറ്റു എന്നു വേഗം ചെന്നു അവന്റെ ശിഷ്യന്മാരോടു പറവിൻ; അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകുന്നു; അവിടെ നിങ്ങൾ അവനെ കാണും; ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. 8അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ടു അവന്റെ ശിഷ്യന്മാരോടു അറിയിപ്പാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരേറ്റു: 9നിങ്ങൾക്കു വന്ദനം എന്നു പറഞ്ഞു; അവർ അടുത്തുചെന്നു അവന്റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു. 10യേശു അവരോടു: ഭയപ്പെടേണ്ട; നിങ്ങൾ പോയി എന്റെ സഹോദരന്മാരോടു ഗലീലെക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും എന്നു പറഞ്ഞു. 11അവർ പോകുമ്പോൾ കാവല്ക്കൂട്ടത്തിൽ ചിലർ നഗരത്തിൽ ചെന്നു സംഭവിച്ചതു എല്ലാം മഹാപുരോഹിതന്മാരോടു അറിയിച്ചു. 12അവർ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചനകഴിച്ചിട്ടു പടയാളികൾക്കു വേണ്ടുവോളം പണം കൊടുത്തു; 13അവന്റെ ശിഷ്യന്മാർ രാത്രിയിൽ വന്നു ഞങ്ങൾ ഉറങ്ങുമ്പോൾ അവനെ കട്ടുകൊണ്ടുപോയി എന്നു പറവിൻ. 14വസ്തുത നാടുവാഴിയുടെ സന്നിധാനത്തിൽ എത്തി എങ്കിലോ ഞങ്ങൾ അവനെ സമ്മതിപ്പിച്ചു നിങ്ങളെ നിൎഭയരാക്കിക്കൊള്ളാം എന്നു പറഞ്ഞു. 15അവർ പണം വാങ്ങി ഉപദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയിൽ പരക്കെ നടപ്പായിരിക്കുന്നു. 16എന്നാൽ പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അവരോടു കല്പിച്ചിരുന്ന മലെക്കു പോയി. 17അവനെ കണ്ടപ്പോൾ അവർ നമസ്കരിച്ചു; ചിലരോ സംശയിച്ചു. 18യേശു അടുത്തുചെന്നു: സ്വൎഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. 19ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും 20ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു.