1ഇപ്പോഴോ പുരോഹിതന്മാരേ, ഈ ആജ്ഞ നിങ്ങളോടു ആകുന്നു. 2നിങ്ങൾ കേട്ടനുസരിക്കയും എന്റെ നാമത്തിന്നു മഹത്വം കൊടുപ്പാൻ തക്കവണ്ണം മനസ്സുവെക്കുകയും ചെയ്യാഞ്ഞാൽ ഞാൻ നിങ്ങളുടെ മേൽ ശാപം അയച്ചു നിങ്ങൾക്കുള്ള അനുഗ്രഹങ്ങളെയും ശപിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതേ, നിങ്ങൾ മനസ്സു വെക്കായ്കകൊണ്ടു ഞാൻ അവയെ ശപിച്ചുമിരിക്കുന്നു. 3ഞാൻ നിങ്ങൾക്കുള്ള സന്തതിയെ ഭൎത്സിക്കയും ചാണകം, നിങ്ങളുടെ ഉത്സവങ്ങളിലെ ചാണകം തന്നേ, നിങ്ങളുടെ മുഖത്തു വിതറുകയും അവർ നിങ്ങളെ അതിനോടുകൂടെ കൊണ്ടുപോകയും ചെയ്യും. 4ലേവിയോടുള്ള എന്റെ നിയമം നിലനില്പാൻ തക്കവണ്ണം ഞാൻ ഈ ആജ്ഞ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 5അവനോടുള്ള എന്റെ നിയമം ജീവനും സമാധാനവുമായിരുന്നു; അവൻ ഭയപ്പെടേണ്ടതിന്നു ഞാൻ അവന്നു അവയെ കൊടുത്തു; അവൻ എന്നെ ഭയപ്പെട്ടു എന്റെ നാമംനിമിത്തം വിറെക്കയും ചെയ്തു. 6നേരുള്ള ഉപദേശം അവന്റെ വായിൽ ഉണ്ടായിരുന്നു; നീതികേടു അവന്റെ അധരങ്ങളിൽ കണ്ടതുമില്ല; സമാധാനമായും പരമാൎത്ഥമായും അവൻ എന്നോടുകൂടെ നടന്നു പലരെയും അകൃത്യം വിട്ടുതിരിയുമാറാക്കി; 7പുരോഹിതൻ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാൽ അവന്റെ അധരങ്ങൾ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതും ഉപദേശം അവനോടു ചോദിച്ചു പഠിക്കേണ്ടതും അല്ലോ. 8നിങ്ങളോ വഴി വിട്ടുമാറി പലരെയും ഉപദേശത്താൽ ഇടറുമാറാക്കി ലേവിയുടെ നിയമം നശിപ്പിച്ചിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 9അങ്ങനെ നിങ്ങൾ എന്റെ വഴികളെ പ്രമാണിക്കാതെ ന്യായപാലനത്തിൽ പക്ഷഭേദം കാണിച്ചതുകൊണ്ടു ഞാനും നിങ്ങളെ സകലജനത്തിന്നും നിന്ദിതരും നീചരുമാക്കിയിരിക്കുന്നു. 10നമുക്കെല്ലാവൎക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു? 11യെഹൂദാ ദ്രോഹം ചെയ്തു; യിസ്രായേലിലും യെരൂശലേമിലും മ്ലേച്ഛത സംഭവിച്ചിരിക്കുന്നു; യഹോവെക്കു ഇഷ്ടമായുള്ള അവന്റെ വിശുദ്ധമന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി ഒരു അന്യദേവന്റെ മകളെ വിവാഹം കഴിച്ചിരിക്കുന്നു. 12അങ്ങനെ ചെയ്യുന്ന മനുഷ്യന്നു യഹോവ ചോദിക്കുന്നവനെയും ഉത്തരം പറയുന്നവനെയും സൈന്യങ്ങളുടെ യഹോവെക്കു വഴിപാടു അൎപ്പിക്കുന്നവനെയും യാക്കോബിന്റെ കൂടാരങ്ങളിൽ നിന്നു ഛേദിച്ചുകളയും. 13രണ്ടാമതു നിങ്ങൾ ഇങ്ങനെ ചെയ്യുന്നു: യഹോവ ഇനി വഴിപാടു കടാക്ഷിക്കയോ നിങ്ങളുടെ കയ്യിൽനിന്നു പ്രസാദമുള്ളതു കൈക്കൊൾകയോ ചെയ്യാതവണ്ണം നിങ്ങൾ അവന്റെ യാഗപീഠത്തെ കണ്ണുനീർകൊണ്ടും കരച്ചൽകൊണ്ടും ഞരക്കംകൊണ്ടും മൂടിക്കളയുന്നു. 14എന്നാൽ നിങ്ങൾ: അതു എന്തുകൊണ്ടു എന്നു ചോദിക്കുന്നു. യഹോവ നിനക്കും നീ അവിശ്വസ്തത കാണിച്ചിരിക്കുന്ന നിന്റെ യൌവനത്തിലെ ഭാൎയ്യക്കും മദ്ധ്യേ സാക്ഷിയായിരുന്നതുകൊണ്ടു തന്നേ; അവൾ നിന്റെ കൂട്ടാളിയും നിന്റെ ധൎമ്മപത്നിയുമല്ലോ. 15ലേശംപോലും സുബോധം ശേഷിച്ചിരുന്ന ഒരുത്തൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. എന്നാൽ ആ ഒരുത്തൻ എന്തു ചെയ്തു? ദൈവം വാഗ്ദാനം ചെയ്ത സന്തതിയെ അവൻ അന്വേഷിച്ചു. നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ; തന്റെ യൌവനത്തിലെ ഭാൎയ്യയോടു ആരും അവിശ്വസ്തത കാണിക്കരുതു. 16ഞാൻ ഉപേക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: അതു ചെയ്യുന്നവൻ തന്റെ വസ്ത്രം സാഹസംകൊണ്ടു മൂടുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാൽ നിങ്ങൾ അവിശ്വസ്തത കാണിക്കാതിരിക്കേണ്ടതിന്നു നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ. 17നിങ്ങൾ നിങ്ങളുടെ വാക്കുകളാൽ യഹോവയെ മുഷിപ്പിക്കുന്നു. എന്നാൽ നിങ്ങൾ: ഏതിനാൽ ഞങ്ങൾ അവനെ മുഷിപ്പിക്കുന്നു എന്നു ചോദിക്കുന്നു. ദോഷം പ്രവൎത്തിക്കുന്ന ഏവനും യഹോവെക്കു ഇഷ്ടമുള്ളവൻ ആകുന്നു; അങ്ങനെയുള്ളവരിൽ അവൻ പ്രസാദിക്കുന്നു; അല്ലെങ്കിൽ ന്യായവിധിയുടെ ദൈവം എവിടെ? എന്നിങ്ങിനെ നിങ്ങൾ പറയുന്നതിനാൽ തന്നേ.