1യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 2നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഒരു സ്ത്രീ ഗൎഭംധരിച്ചു ആൺകുഞ്ഞിനെ പ്രസവിച്ചാൽ അവൾ ഏഴു ദിവസം അശുദ്ധയായിരിക്കേണം; ഋതുവിന്റെ മാലിന്യകാലത്തെന്നപോലെ അവൾ അശുദ്ധയായിരിക്കേണം. 3എട്ടാം ദിവസം അവന്റെ അഗ്രചൎമ്മം പരിച്ഛേദന ചെയ്യേണം. 4പിന്നെ അവൾ മുപ്പത്തുമൂന്നു ദിവസം തന്റെ രക്തശുദ്ധീകരണത്തിൽ ഇരിക്കേണം; അവളുടെ ശുദ്ധീകരണകാലം തികയുന്നതുവരെ അവൾ യാതൊരു വിശുദ്ധവസ്തുവും തൊടരുതു; വിശുദ്ധ മന്ദിരത്തിലേക്കു വരികയും അരുതു. 5പെൺകുഞ്ഞിനെ പ്രസവിച്ചാൽ അവൾ രണ്ടു ആഴ്ചവട്ടം ഋതുകാലത്തെന്നപോലെ അശുദ്ധയായിരിക്കേണം; പിന്നെ അറുപത്താറു ദിവസം തന്റെ രക്തശുദ്ധീകരണത്തിൽ ഇരിക്കേണം. 6മകന്നു വേണ്ടിയോ മകൾക്കു വേണ്ടിയോ അവളുടെ ശുദ്ധീകരണകാലം തികഞ്ഞശേഷം അവൾ ഒരു വയസ്സുപ്രായമുള്ള ആട്ടിൻകുട്ടിയെ ഹോമയാഗത്തിന്നായിട്ടും ഒരു പ്രാവിൻകുഞ്ഞിനെയോ ഒരു കുറുപ്രാവിനെയോ പാപയാഗത്തിന്നായിട്ടും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം. 7അവൻ അതു യഹോവയുടെ സന്നിധിയിൽ അൎപ്പിച്ചു പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവളുടെ രക്തസ്രവം നിന്നിട്ടു അവൾ ശുദ്ധയാകും. ഇതു ആൺകുഞ്ഞിനെയോ പെൺകുഞ്ഞിനെയോ പ്രസവിച്ചവൾക്കുള്ള പ്രമാണം. 8ആട്ടിൻകുട്ടിക്കു അവളുടെ പക്കൽ വകയില്ല എങ്കിൽ അവൾ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ ഹോമയാഗത്തിന്നും മറ്റേതിനെ പാപയാഗത്തിന്നുമായി കൊണ്ടുവരേണം; പുരോഹിതൻ അവൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൾ ശുദ്ധയാകും.