1ഞാൻ അവന്റെ കോപത്തിന്റെ വടികൊണ്ടു കഷ്ടം കണ്ട പുരുഷനാകുന്നു. 2 അവൻ എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടത്തിക്കൊണ്ടു പോന്നിരിക്കുന്നതു.¶ 3അതേ, അവൻ ഇടവിടാതെ പിന്നെയും പിന്നെയും തന്റെ കൈ എന്റെ നേരെ തിരിക്കുന്നു.¶ 4എന്റെ മാംസത്തെയും ത്വക്കിനെയും അവൻ ജീൎണ്ണമാക്കി, എന്റെ അസ്ഥികളെ തകൎത്തിരിക്കുന്നു.¶ 5അവൻ എന്റെ നേരെ പണിതു, നഞ്ചും പ്രയാസവും എന്നെ ചുറ്റുമാറാക്കിയിരിക്കുന്നു.¶ 6ശാശ്വതമൃതന്മാരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാൎപ്പിച്ചിരിക്കുന്നു.¶ 7പുറത്തു പോകുവാൻ കഴിയാതവണ്ണം അവൻ എന്നെ വേലികെട്ടിയടച്ചു എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു.¶ 8ഞാൻ കൂകി നിലവിളിച്ചാലും അവൻ എന്റെ പ്രാൎത്ഥന തടുത്തുകളയുന്നു.¶ 9വെട്ടുകല്ലുകൊണ്ടു അവൻ എന്റെ വഴി അടെച്ചു, എന്റെ പാതകളെ വികടമാക്കിയിരിക്കുന്നു.¶ 10അവൻ എനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനില്ക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു.¶ 11അവൻ എന്റെ വഴികളെ തെറ്റിച്ചു എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു.¶ 12അവൻ വില്ലു കുലെച്ചു എന്നെ അമ്പിന്നു ലാക്കാക്കിയിരിക്കുന്നു.¶ 13അവൻ തന്റെ പൂണിയിലെ അമ്പുകളെ എന്റെ അന്തരംഗങ്ങളിൽ തറെപ്പിച്ചിരിക്കുന്നു.¶ 14ഞാൻ എന്റെ സൎവ്വജനത്തിന്നും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീൎന്നിരിക്കുന്നു.¶ 15അവൻ എന്നെ കൈപ്പുകൊണ്ടു നിറെച്ചു, കാഞ്ഞിരംകൊണ്ടു മത്തുപിടിപ്പിച്ചിരിക്കുന്നു.¶ 16അവൻ കല്ലുകൊണ്ടു എന്റെ പല്ലു തകൎത്തു, എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു.¶ 17നീ എന്റെ പ്രാണനെ സമാധാനത്തിൽനിന്നു നീക്കി; ഞാൻ സുഖം മറന്നിരിക്കുന്നു.¶ 18എന്റെ മഹത്വവും യഹോവയിങ്കലുള്ള എന്റെ പ്രത്യാശയും പൊയ്പോയല്ലോ എന്നു ഞാൻ പറഞ്ഞു.¶ 19നീ എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കൈപ്പും ഓൎക്കേണമേ.¶ 20എന്റെ പ്രാണൻ എന്റെ ഉള്ളിൽ എപ്പോഴും അവയെ ഓൎത്തു ഉരുകിയിരിക്കുന്നു.¶ 21ഇതു ഞാൻ ഓൎക്കും; അതുകൊണ്ടു ഞാൻ പ്രത്യാശിക്കും.¶ 22നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീൎന്നു പോയിട്ടില്ലല്ലോ;¶ 23അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്ഥത വലിയതും ആകുന്നു.¶ 24യഹോവ എന്റെ ഓഹരി എന്നു എന്റെ ഉള്ളം പറയുന്നു; അതുകൊണ്ടു ഞാൻ അവനിൽ പ്രത്യാശവെക്കുന്നു.¶ 25തന്നെ കാത്തിരിക്കുന്നവൎക്കും തന്നെ അന്വേഷിക്കുന്നവന്നും യഹോവ നല്ലവൻ.¶ 26യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലതു.¶ 27ബാല്യത്തിൽ നുകം ചുമക്കുന്നതു ഒരു പുരുഷന്നു നല്ലതു.¶ 28അവൻ അതു അവന്റെ മേൽ വെച്ചിരിക്ക കൊണ്ടു അവൻ തനിച്ചു മൌനം ആയിരിക്കട്ടെ.¶ 29അവൻ തന്റെ മുഖത്തെ പൊടിയോളം താഴ്ത്തട്ടെ; പക്ഷെ പ്രത്യാശ ശേഷിക്കും.¶ 30തന്നെ അടിക്കുന്നവന്നു അവൻ കവിൾ കാണിക്കട്ടെ; അവൻ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ.¶ 31കൎത്താവു എന്നേക്കും തള്ളിക്കളകയില്ലല്ലോ.¶ 32അവൻ ദുഃഖിപ്പിച്ചാലും തന്റെ മഹാദയെക്കു ഒത്തവണ്ണം അവന്നു കരുണതോന്നും.¶ 33മനസ്സോടെയല്ലല്ലോ അവൻ മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നതു.¶ 34ഭൂമിയിലെ സകലബദ്ധന്മാരെയും കാല്കീഴിട്ടു മെതിക്കുന്നതും¶ 35അത്യുന്നതന്റെ സന്നിധിയിൽ മനുഷ്യന്റെ ന്യായം മറിച്ചുകളയുന്നതും¶ 36മനുഷ്യനെ വ്യവഹാരത്തിൽ തെറ്റിച്ചുകളയുന്നതും കൎത്താവു കാണുകയില്ലയോ?¶ 37കൎത്താവു കല്പിക്കാതെ ആർ പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നതു?¶ 38അത്യുന്നതന്റെ വായിൽനിന്നു നന്മയും തിന്മയും പുറപ്പെടുന്നില്ലയോ?¶ 39മനുഷ്യൻ ജീവനുള്ളന്നു നെടുവീൎപ്പിടുന്നതെന്തു? 40നാം നമ്മുടെ നടപ്പു ആരാഞ്ഞു ശോധന ചെയ്തു യഹോവയുടെ അടുക്കലേക്കു തിരിയുക.¶ 41നാം കൈകളെയും ഹൃദയത്തെയും സ്വൎഗ്ഗസ്ഥനായ ദൈവത്തിങ്കലേക്കു ഉയൎത്തുക.¶ 42ഞങ്ങൾ അതിക്രമം ചെയ്തു മത്സരിച്ചു; നീ ക്ഷമിച്ചതുമില്ല.¶ 43നീ കോപം പുതെച്ചു ഞങ്ങളെ പിന്തുടൎന്നു, കരുണകൂടാതെ കൊന്നുകളഞ്ഞു.¶ 44ഞങ്ങളുടെ പ്രാൎത്ഥന കടക്കാതവണ്ണം നീ മേഘംകൊണ്ടു നിന്നെത്തന്നേ മറെച്ചു.¶ 45നീ ഞങ്ങളെ ജാതികളുടെ ഇടയിൽ ചവറും എച്ചിലും ആക്കിയിരിക്കുന്നു.¶ 46ഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരെ വായ്പിളൎന്നിരിക്കുന്നു.¶ 47പേടിയും കണിയും ശൂന്യവും നാശവും ഞങ്ങൾക്കു ഭവിച്ചിരിക്കുന്നു.¶ 48എന്റെ ജനത്തിൻപുത്രിയുടെ നാശം നിമിത്തം നീൎത്തോടുകൾ എന്റെ കണ്ണിൽനിന്നൊഴുകുന്നു.¶ 49യഹോവ സ്വൎഗ്ഗത്തിൽനിന്നു നോക്കി കടാക്ഷിക്കുവോളം¶ 50എന്റെ കണ്ണു ഇടവിടാതെ പൊഴിക്കുന്നു; ഇളെക്കുന്നതുമില്ല.¶ 51എന്റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ചു എന്റെ കണ്ണു എന്റെ പ്രാണനെ വ്യസനിപ്പിക്കുന്നു.¶ 52കാരണംകൂടാതെ എന്റെ ശത്രുക്കളായവർ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു.¶ 53അവർ എന്റെ ജീവനെ കുണ്ടറയിൽ ഇട്ടു നശിപ്പിച്ചു, എന്റെ മേൽ കല്ലു എറിഞ്ഞിരിക്കുന്നു.¶ 54വെള്ളം എന്റെ തലെക്കുമീതെ കവിഞ്ഞൊഴുകി; ഞാൻ നശിച്ചുപോയി എന്നു ഞാൻ പറഞ്ഞു.¶ 55യഹോവേ, ഞാൻ ആഴമുള്ള കുണ്ടറയിൽനിന്നു നിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു.¶ 56എന്റെ നെടുവീൎപ്പിന്നും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ എന്നുള്ള എന്റെ പ്രാൎത്ഥന നീ കേട്ടിരിക്കുന്നു.¶ 57ഞാൻ നിന്നെ വിളിച്ചപേക്ഷിച്ച നാളിൽ നീ അടുത്തുവന്നു: ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.¶ 58കൎത്താവേ, നീ എന്റെ വ്യവഹാരം നടത്തി, എന്റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു.¶ 59യഹോവേ, ഞാൻ അനുഭവിച്ച അന്യായം നീ കണ്ടിരിക്കുന്നു; എന്റെ വ്യവഹാരം തീൎത്തുതരേണമേ.¶ 60അവർ ചെയ്ത സകലപ്രതികാരവും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും നീ കണ്ടിരിക്കുന്നു.¶ 61യഹോവേ, അവരുടെ നിന്ദയും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും¶ 62എന്റെ എതിരികളുടെ വാക്കുകളും ഇടവിടാതെ എനിക്കു വിരോധമായുള്ള നിനവും നീ കേട്ടിരിക്കുന്നു.¶ 63അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാൻ അവരുടെ പാട്ടായിരിക്കുന്നു.¶ 64യഹോവേ, അവരുടെ പ്രവൃത്തിക്കു തക്കവണ്ണം അവൎക്കു പകരം ചെയ്യേണമേ;¶ 65നീ അവൎക്കു ഹൃദയകാഠിന്യം വരുത്തും; നിന്റെ ശാപം അവൎക്കു വരട്ടെ.¶ 66നീ അവരെ കോപത്തോടെ പിന്തുടൎന്നു, യഹോവയുടെ ആകാശത്തിൻ കീഴിൽനിന്നു നശിപ്പിച്ചുകളയും.