1യിസ്രായേൽഗൃഹമേ, യഹോവ നിങ്ങളോടു അരുളിച്ചെയ്യുന്ന വചനം കേൾപ്പിൻ! 2യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ വഴി പഠിക്കരുതു; ആകാശത്തിലെ ലക്ഷണങ്ങൾ കണ്ടു ഭ്രമിക്കരുതു; ജാതികൾ അല്ലോ അവ കണ്ടു ഭ്രമിക്കുന്നതു. 3ജാതികളുടെ ചട്ടങ്ങൾ മിത്ഥ്യാമൂൎത്തിയെ സംബന്ധിക്കുന്നു; അതു ഒരുവൻ കാട്ടിൽനിന്നു വെട്ടിക്കൊണ്ടുവന്ന മരവും ആശാരി വാച്ചികൊണ്ടു ചെയ്ത പണിയും അത്രേ. 4അവർ അതിനെ വെള്ളിയും പൊന്നുംകൊണ്ടു അലങ്കരിക്കുന്നു; അതു ഇളകാതെയിരിക്കേണ്ടതിന്നു അവർ അതിനെ ആണിയും ചുറ്റികയുംകൊണ്ടു ഉറപ്പിക്കുന്നു. 5അവ വെള്ളരിത്തോട്ടത്തിലെ തൂണുപോലെയാകുന്നു; അവ സംസാരിക്കുന്നില്ല; അവെക്കു നടപ്പാൻ വഹിയായ്കകൊണ്ടു അവയെ ചുമന്നുകൊണ്ടു പോകേണം; അവയെ ഭയപ്പെടരുതു; ഒരു ദോഷവും ചെയ്‌വാൻ അവെക്കു കഴികയില്ല; ഗുണം ചെയ്‌വാനും അവെക്കു പ്രാപ്തിയില്ല. 6യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു. 7ജാതികളുടെ രാജാവേ, ആർ നിന്നെ ഭയപ്പെടാതെയിരിക്കും? അതു നിനക്കു യോഗ്യമല്ലോ; ജാതികളുടെ സകല ജ്ഞാനികളിലും അവരുടെ സകലരാജ്യങ്ങളിലും നിന്നോടു തുല്യനായവൻ ആരും ഇല്ല. 8അവർ ഒരുപോലെ മൃഗപ്രായരും ഭോഷന്മാരും ആകുന്നു; മിത്ഥ്യാമൂൎത്തികളുടെ ഉപദേശമോ മരമുട്ടിയത്രേ. 9തൎശീശിൽനിന്നു കൊണ്ടുവന്ന വെള്ളിയും ഊഫാസിൽനിന്നുള്ള പൊന്നും അടിച്ചുപരത്തുന്നു; അതു കൌശലപ്പണിക്കാരന്റെയും തട്ടാന്റെയും കൈപ്പണി തന്നേ; നീലവും രക്താംബരവും അവയുടെ ഉടുപ്പു; അവയൊക്കെയും കൌശലപ്പണിക്കാരുടെ പണി അത്രേ. 10യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ; അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്കു അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല. 11ആകാശത്തെയും ഭൂമിയെയും നിൎമ്മിക്കാത്ത ദേവന്മാരോ ഭൂമിയിൽനിന്നും ആകാശത്തിൻ കീഴിൽനിന്നും നശിച്ചുപോകും എന്നിങ്ങനെ അവരോടു പറവിൻ. 12അവൻ തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു, തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു. 13അവൻ തന്റെ നാദം പുറപ്പെടുവിക്കുമ്പോൾ ആകാശത്തു വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു അവൻ ആവി കയറ്റുന്നു; മഴെക്കു മിന്നൽ ഉണ്ടാക്കി തന്റെ ഭണ്ഡാരത്തിൽനിന്നു കാറ്റു പുറപ്പെടുവിക്കുന്നു. 14ഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനും ആകുന്നു; തട്ടാന്മാരൊക്കെയും വിഗ്രഹംനിമിത്തം ലജ്ജിച്ചുപോകുന്നു; അവർ വാൎത്തുണ്ടാക്കിയ വിഗ്രഹം വ്യാജമത്രേ; അവയിൽ ശ്വാസവുമില്ല. 15അവ മായയും വ്യൎത്ഥ പ്രവൃൎത്തിയും തന്നേ; സന്ദൎശനകാലത്തു അവ നശിച്ചുപോകും. 16യാക്കോബിന്റെ ഓഹരിയായവൻ അവയെപ്പോലെയല്ല; അവൻ സൎവ്വത്തെയും നിൎമ്മിച്ചവൻ; യിസ്രായേൽ അവന്റെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം. 17നിരോധത്തിൽ ഇരിക്കുന്നവളേ, നിലത്തുനിന്നു നിന്റെ ഭാണ്ഡം എടുത്തുകൊൾക. 18യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ തവണ ദേശത്തിലെ നിവാസികളെ കവിണയിൽ വെച്ചെറിഞ്ഞുകളകയും അവൎക്കു പറ്റുവാന്തക്കവണ്ണം അവരെ ബുദ്ധിമുട്ടിക്കയും ചെയ്യും. 19എന്റെ പരിക്കുനിമിത്തം എനിക്കു അയ്യോ കഷ്ടം! എന്റെ മുറിവു വ്യസനകരമാകുന്നു; എങ്കിലും ഞാൻ: അതു എന്റെ ദീനം! ഞാൻ അതു സഹിച്ചേ മതിയാവു എന്നു പറഞ്ഞു. 20എന്റെ കൂടാരം കവൎച്ചയായ്പോയിരിക്കുന്നു; എന്റെ കയറു ഒക്കെയും അറ്റിരിക്കുന്നു; എന്റെ മക്കൾ എന്നെ വിട്ടുപോയി; അവർ ഇല്ലാതായിരിക്കുന്നു; ഇനി എന്റെ കൂടാരം അടിപ്പാനും തിരശ്ശീല നിവിൎക്കുവാനും ആരുമില്ല. 21ഇടയന്മാർ മൃഗപ്രായരായ്തീൎന്നു; യഹോവയെ അന്വേഷിക്കുന്നില്ല; അതുകൊണ്ടു അവർ കൃതാൎത്ഥരായില്ല; അവരുടെ ആട്ടിൻ കൂട്ടം ഒക്കെയും ചിതറിപ്പോയി. 22കേട്ടോ, ഒരു ശ്രുതി: ഇതാ, യെഹൂദപട്ടണങ്ങളെ ശൂന്യവും കുറുക്കന്മാരുടെ പാൎപ്പിടവും ആക്കേണ്ടതിന്നു അതു വടക്കുനിന്നു ഒരു മഹാകോലാഹലവുമായി വരുന്നു. 23യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു. 24യഹോവേ, ഞാൻ ഇല്ലാതെയായ്പോകാതിരിക്കേണ്ടതിന്നു നീ എന്നെ കോപത്തോടെയല്ല ന്യായത്തോടെയത്രേ ശിക്ഷിക്കേണമേ. 25നിന്നെ അറിയാത്ത ജാതികളുടെമേലും നിന്റെ നാമം വിളിച്ചപേക്ഷിക്കാത്ത വംശങ്ങളുടെമേലും നിന്റെ ക്രോധം പകരേണമേ; അവർ യാക്കോബിനെ വിഴുങ്ങിക്കളഞ്ഞുവല്ലോ; അവർ അവനെ വിഴുങ്ങി നശിപ്പിച്ചു അവന്റെ വാസസ്ഥലത്തെ ശൂന്യമാക്കിയിരിക്കുന്നു.