1യെരൂശലേമിലെ രാജാവായി ദാവീദിന്റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങൾ. 2ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ. 3സൂൎയ്യന്നു കീഴിൽ പ്രയത്നിക്കുന്ന സകലപ്രയത്നത്താലും മനുഷ്യന്നു എന്തു ലാഭം? 4ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു; 5ഭൂമിയോ എന്നേക്കും നില്ക്കുന്നു; സൂൎയ്യൻ ഉദിക്കുന്നു; സൂൎയ്യൻ അസ്തമിക്കുന്നു; ഉദിച്ച സ്ഥലത്തേക്കു തന്നേ ബദ്ധപ്പെട്ടു ചെല്ലുന്നു. 6കാറ്റു തെക്കോട്ടു ചെന്നു വടക്കോട്ടു ചുറ്റിവരുന്നു; അങ്ങനെ കാറ്റു ചുറ്റിച്ചുറ്റി തിരിഞ്ഞുകൊണ്ടു പരിവൎത്തനം ചെയ്യുന്നു. 7സകലനദികളും സമുദ്രത്തിലേക്കു ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്ന ഇടത്തേക്കു പിന്നെയും പിന്നെയും ചെല്ലുന്നു. 8സകലകാൎയ്യങ്ങളും ശ്രമാവഹങ്ങളാകുന്നു; മനുഷ്യൻ പറഞ്ഞാൽ തീരുകയില്ല; കണ്ടിട്ടു കണ്ണിന്നു തൃപ്തി വരുന്നില്ല; കേട്ടിട്ടു ചെവി നിറയുന്നതുമില്ല. 9ഉണ്ടായിരുന്നതു ഉണ്ടാകുവാനുള്ളതും, ചെയ്തുകഴിഞ്ഞതു ചെയ്‌വാനുള്ളതും ആകുന്നു; സൂൎയ്യന്നു കീഴിൽ പുതുതായി യാതൊന്നും ഇല്ല. 10ഇതു പുതിയതു എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? നമുക്കു മുമ്പെ, പണ്ടത്തെ കാലത്തു തന്നേ അതുണ്ടായിരുന്നു. 11പുരാതന ജനത്തെക്കുറിച്ചു ഓൎമ്മയില്ലല്ലോ; വരുവാനുള്ളവരെക്കുറിച്ചു പിന്നത്തേതിൽ വരുവാനുള്ളവൎക്കും ഓൎമ്മയുണ്ടാകയില്ല. 12സഭാപ്രസംഗിയായ ഞാൻ യെരൂശലേമിൽ യിസ്രായേലിന്നു രാജാവായിരുന്നു. 13ആകാശത്തിൻ കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിന്നു ഞാൻ മനസ്സുവെച്ചു; ഇതു ദൈവം മനുഷ്യൎക്കു കഷ്ടപ്പെടുവാൻ കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നേ. 14സൂൎയ്യന്നു കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ടു; അവയൊക്കെയും മായയും വൃഥാപ്രയത്നവും അത്രേ. 15വളവുള്ളതു നേരെ ആക്കുവാൻ വഹിയാ; കുറവുള്ളതു എണ്ണിത്തികെപ്പാനും വഹിയാ. 16ഞാൻ മനസ്സിൽ ആലോചിച്ചുപറഞ്ഞതു: യെരൂശലേമിൽ എനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനം ഞാൻ സമ്പാദിച്ചിരിക്കുന്നു; എന്റെ ഹൃദയം ജ്ഞാനവും അറിവും ധാരാളം പ്രാപിച്ചിരിക്കുന്നു. 17ജ്ഞാനം ഗ്രഹിപ്പാനും ഭ്രാന്തും ഭോഷത്വവും അറിവാനും ഞാൻ മനസ്സുവെച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു. 18ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യം ഉണ്ടു; അറിവു വൎദ്ധിപ്പിക്കുന്നവൻ ദുഃഖവും വൎദ്ധിപ്പിക്കുന്നു.