1നിങ്ങൾക്കു ദൈവത്തിന്റെ കൃപ ലഭിച്ചതു വ്യൎത്ഥമായിത്തീരരുതു എന്നു ഞങ്ങൾ സഹപ്രവൃത്തിക്കാരായി നിങ്ങളെ പ്രബോധിപ്പിക്കുന്നു. 2 “പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു”¶ 3ശുശ്രൂഷെക്കു ആക്ഷേപം വരാതിരിക്കേണ്ടതിന്നു ഞങ്ങൾ ഒന്നിലും ഇടൎച്ചെക്കു ഹേതു കൊടുക്കാതെ സകലത്തിലും ഞങ്ങളെത്തന്നേ 4ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു; ബഹുസഹിഷ്ണത, കഷ്ടം, ബുദ്ധിമുട്ടു, സങ്കടം, തല്ലു, 5തടവു, കലഹം, അദ്ധ്വാനം, ഉറക്കിളെപ്പു, പട്ടിണി, നിൎമ്മലത, പരിജ്ഞാനം, 6ദീൎഘക്ഷമ, ദയ, പരിശുദ്ധാത്മാവു, നിൎവ്യാജസ്നേഹം, സത്യവചനം, ദൈവശക്തി 7എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ ധരിച്ചുകൊണ്ടു 8മാനാപമാനങ്ങളും ദുഷ്കീൎത്തിസൽക്കീൎത്തികളും അനുഭവിച്ചും ചതിയന്മാരെന്നിട്ടും സത്യവാന്മാർ, 9ആരും അറിയാത്തവരെന്നിട്ടും എല്ലാവരും നല്ലവണ്ണം അറിയുന്നവർ, മരിക്കുന്നവരെന്നിട്ടും ഇതാ, ഞങ്ങൾ ജീവിക്കുന്നു; ശിക്ഷിക്കപ്പെടുന്നവരെന്നിട്ടും കൊല്ലപ്പെടാത്തവർ; 10ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവർ; ദരിദ്രരെങ്കിലും പലരെയും സമ്പന്നർ ആക്കുന്നവർ; ഒന്നും ഇല്ലാത്തവർ എങ്കിലും എല്ലാം കൈവശമുള്ളവരായിത്തന്നേ. 11അല്ലയോ കൊരിന്ത്യരേ, ഞങ്ങളുടെ വായി നിങ്ങളോടു തുറന്നിരിക്കുന്നു; ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കുന്നു. 12ഞങ്ങളുടെ ഉള്ളിൽ നിങ്ങൾക്കു ഇടുക്കമില്ല, നിങ്ങളുടെ ഹൃദയങ്ങളിൽ അത്രേ ഇടുക്കമുള്ളതു. 13ഇതിന്നു പ്രതിഫലമായി നിങ്ങളും വിശാലതയുള്ളവരായിരിപ്പിൻ എന്നു ഞാൻ മക്കളോടു എന്നപോലെ നിങ്ങളോടു പറയുന്നു. 14നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധൎമ്മത്തിന്നും തമ്മിൽ എന്തോരു ചേൎച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ? 15ക്രിസ്തുവിന്നും ബെലീയാലിന്നും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഓഹരി? 16ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവൎക്കു ദൈവവും അവർ എനിക്കു ജനവും ആകും”¶ 17അതുകൊണ്ടു “അവരുടെ നടുവിൽ നിന്നു പുറപ്പെട്ടു വേൎപ്പെട്ടിരിപ്പിൻ എന്നു കൎത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു 18നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും”¶